സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോഡിലെത്തി. ഇന്ന് പവന് 320 രൂപ വർധിച്ച് 58,720 രൂപയിലാണ് എത്തിയത്. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7340 രൂപയായി. 59,000 രൂപയ്ക്ക് അരികെയാണ് സംസ്ഥാനത്തെ സ്വർണവില നിലകൊള്ളുന്നത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്കും എത്തിയിരുന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് മുന്നേറ്റം കാഴ്ചവെച്ചത്. പിന്നീട് സ്വർണവില ഉയരുന്ന പ്രവണതയാണ് വിപണിയിൽ പ്രകടമായത്.
കഴിഞ്ഞ വർഷം ഇതേ ദിവസം സ്വർണം പവന് 45,280 രൂപയായിരുന്നു. ഒറ്റ വർഷം കൊണ്ട് ഒരു പവനുണ്ടായത് 13,120 രൂപയുടെ വർധനയാണ്. രാജ്യാന്തര വിപണിയിൽ ഔൺസിന് 2,733 ഡോളറെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളും അമേരിക്കൻ ഫെഡറൽ റിസർവ് വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനയും സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന പ്രതിച്ഛായ നൽകുന്നു. സമീപ ഭാവിയിൽ സ്വർണവില കുറയാനിടയില്ലെന്ന സൂചനയാണ് വിദഗ്ധർ നൽകുന്നത്.
Story Highlights: Gold price in Kerala reaches all-time high of 58,720 rupees per sovereign