കോട്ടയം മെഡിക്കൽ കോളജിൽ സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയകരമായി പൂർത്തിയായി. അഞ്ച് വയസ്സുള്ള കുഞ്ഞിനാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. 25 വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ് കരൾ ദാനം ചെയ്തത്. ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പങ്കുവച്ചത്.
രാജ്യത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ വളരെ അപൂർവമായി മാത്രം നടത്തപ്പെടുന്ന ഒരു സങ്കീർണ ശസ്ത്രക്രിയയാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ. സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. ഈ നേട്ടത്തിന് ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.
2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളജിൽ സംസ്ഥാനത്തെ സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിച്ചത്. ഇപ്പോൾ നടത്തിയ ഈ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ സംസ്ഥാനത്തെ ആദ്യത്തേതാണ്. ഇത് ഒരു ലൈവ് ട്രാൻസ്പ്ലാന്റേഷൻ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.