പ്രത്യേക ആനുകൂല്യം ലഭിക്കേണ്ട മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ റേഷൻ മസ്റ്ററിംഗ് സമയപരിധി വീണ്ടും നീട്ടി. ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചതനുസരിച്ച്, നവംബർ 5 വരെ മസ്റ്ററിംഗ് നടത്താമെന്ന് വ്യക്തമാക്കി. 16 ശതമാനത്തോളം മുൻഗണന കാർഡ് ഉടമകൾ മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഉള്ളതിനാലാണ് സമയം നീട്ടിയത്. വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ള മുൻഗണന കാർഡ് ഉടമകൾക്ക് മതിയായ സമയം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ സെപ്റ്റംബർ 18ന് തുടങ്ങി ഒക്ടോബർ എട്ടായിരുന്നു മസ്റ്ററിംഗിന് സമയപരിധി. എന്നാൽ മസ്റ്ററിംഗ് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഒക്ടോബർ 25വരെ സമയപരിധി നീട്ടിയത്. റേഷന് കാര്ഡും ആധാര്കാര്ഡുമായി റേഷന്കടകളില് നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്ത്തിയാക്കേണ്ടത്. കാര്ഡുടമകള് നേരിട്ടെത്തി ഇ-പോസില് വിരല് പതിപ്പിച്ചാണ് ബയോമെട്രിക് മസ്റ്ററിംഗ് പൂര്ത്തിയാക്കേണ്ടത്.
രാജ്യത്തിന് പുറത്തുള്ള മുൻഗണന കാർഡുകാർക്ക് NRK സ്റ്റാറ്റസ് നൽകി കാർഡിൽ ഉൾപ്പെടുത്താനും ആലോചനയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, റേഷൻ കാർഡിലെ ആനുകൂല്യം നഷ്ടമാകാതിരിക്കാൻ കിടപ്പുരോഗികളുടെ മസ്റ്ററിംഗ് മലപ്പുറത്ത് പൂർത്തിയാക്കിയിരുന്നു. മെഡിക്കൽ കോളേജിലെ വാർഡിൽ എത്തിയാണ് രോഗികളുടെ വിവരങ്ങൾ ശേഖരിച്ചത്. വിരലടയാളം ലഭിക്കാത്ത പ്രായമായ രോഗികളിൽ നിന്ന് കണ്ണിന്റെ അടയാളമാണ് ഇതിനായി ശേഖരിക്കുക.
Story Highlights: Ration card mustering deadline extended to November 5 for yellow and pink card holders in Kerala