കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി ആവിഷ്കരിച്ച ‘സംരംഭക വർഷം’ പദ്ധതി വൻ വിജയമാണെന്ന് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടര വർഷത്തിനിടെ മൂന്ന് ലക്ഷത്തോളം സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചുവെന്നും, അതിൽ ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ മാനുഫാക്ചറിങ് മേഖലയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതി ആരംഭിച്ചപ്പോൾ ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമോ എന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആദ്യ വർഷം മാത്രമല്ല രണ്ടാം വർഷവും ഒരു ലക്ഷം സംരംഭമെന്ന നേട്ടം കേരളം കൈവരിച്ചു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 2,92,167 സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചു. ഇതിലൂടെ 18,943.64 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് കടന്നുവന്നു.
സംരംഭക വർഷം പദ്ധതിയിലൂടെ 6,22,512 പേർക്ക് തൊഴിൽ ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. വ്യവസായ നയം ലക്ഷ്യമിടുന്നതുപോലെ നൂതന സാങ്കേതിക വിദ്യയിലൂന്നിയ മാനുഫാക്ചറിങ് സംരംഭങ്ങളും കേരളത്തിൽ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. സംരംഭക വർഷം പദ്ധതിയുടെ വിജയത്തിനായി സർക്കാർ നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.
Story Highlights: Kerala’s ‘Entrepreneurship Year’ scheme launched 3 lakh enterprises in 2.5 years, with over 1 lakh in manufacturing sector