കേരളത്തിലെ വൈദ്യുതി നിരക്ക് വർധനവിന് ഇന്ന് അനുമതി ലഭിച്ചേക്കും. റെഗുലേറ്ററി കമ്മീഷൻ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ വർധനവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് വിശദാംശങ്ങൾ അവതരിപ്പിച്ചിരുന്നു.
കെ.എസ്.ഇ.ബി യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊതുജനാഭിപ്രായം കൂടി പരിഗണിച്ചാണ് റെഗുലേറ്ററി കമ്മീഷൻ അന്തിമ തീരുമാനമെടുക്കുന്നത്. വിവിധ മേഖലകളിൽ സിറ്റിംഗ് നടത്തി ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടശേഷമാണ് കമ്മീഷൻ നിരക്ക് വർധനവിന് തീരുമാനമെടുത്തത്.
വേനൽക്കാലത്ത് അധിക താരിഫ് ഈടാക്കണമെന്ന പുതിയ നിർദേശവും കെ.എസ്.ഇ.ബി മുന്നോട്ട് വച്ചിട്ടുണ്ട്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ നിലവിലെ നിരക്കിന് പുറമേ യൂണിറ്റിന് 10 പൈസ കൂടി അധികമായി ഈടാക്കണമെന്നാണ് ആവശ്യം. ഇതിലും തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിരക്ക് വർധനവിന് മുഖ്യമന്ത്രി തത്വത്തിൽ അനുമതി നൽകിയതായാണ് സൂചന. ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. പ്രതിവർഷം രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുന്നുവെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
Story Highlights: Kerala State Electricity Board proposes tariff hike, regulatory commission to announce decision