കൊല്ലം കുന്നത്തൂരിലെ സ്കൂളിൽ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. ട്വന്റി ഫോർ വാർത്തയ്ക്ക് പിന്നാലെയാണ് വകുപ്പിന്റെ നടപടി. സ്കൂളിൽ എ ഇ ഒ പരിശോധന നടത്തുകയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുകയും ചെയ്തു. കിണറിന്റെ മൂടി പകുതിയും ദ്രവിച്ചിരുന്നതായി കണ്ടെത്തി. വിശദമായ അന്വേഷണം നടത്താനും കൃത്യമായ റിപ്പോർട്ട് തയ്യാറാക്കി ഡിഒയ്ക്കും ഡിഡിഇയ്ക്കും കൈമാറാനും വകുപ്പ് തീരുമാനിച്ചു.
തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാൽ വഴുതിയാണ് വിദ്യാർത്ഥി കിണറ്റിലേക്ക് വീണതെന്ന് സ്കൂൾ അധികൃതർ ആദ്യം വ്യക്തമാക്കി. എന്നാൽ പിന്നീട് രക്ഷിതാക്കൾക്ക് നൽകിയ വിശദീകരണത്തിൽ കളിക്കുന്നതിനിടെ മറ്റൊരു കുട്ടി തള്ളിയിട്ടുവെന്നാണ് പറഞ്ഞത്. സ്കൂൾ ജീവനക്കാരനാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേൽക്കുകയും ശരീരത്തിലുൾപ്പടെ കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു. ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയിലെ മുറിവ് ഗുരുതരമായതിനാൽ വിദ്യാർത്ഥിയെ കൊല്ലത്തെ മെഡിസിറ്റി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ ഉണ്ടാകുക.
Story Highlights: Education department intervenes after student falls into school well in Kollam, Kerala