കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുഹ്സൈല്, മിസ്ഹാപ് എന്നിവരെ കൊച്ചി സൈബര് പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശിയില് നിന്ന് നാല് കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്. ഉത്തരേന്ത്യന് സംഘത്തിന്റെ തട്ടിപ്പിന് സഹായം ചെയ്തവരാണ് പിടിയിലായ പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി.
തട്ടിപ്പിനായി അക്കൗണ്ട് നല്കുന്നവര്ക്ക് 25,000 മുതല് 30,000 രൂപ വരെ ലഭിക്കുന്നതായി പൊലീസ് കണ്ടെത്തി. തട്ടിയെടുത്ത പണം എടിഎമ്മില് നിന്നും പിന്വലിച്ച് നല്കുന്നതിനും കമ്മീഷനുണ്ട്. കൊടുവള്ളി കേന്ദ്രീകരിച്ച് വന് സംഘം പ്രവര്ത്തിക്കുന്നതായും പൊലീസ് വെളിപ്പെടുത്തി. പിടിയിലായ പ്രതികളുടെ അക്കൗണ്ടിലൂടെ കോടികളുടെ ഇടപാടാണ് നടന്നത്. ഇവരില് നിന്ന് ഇന്നോവ ക്രിസ്റ്റ കാറും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു.
കഴിഞ്ഞ ഒക്ടോബറിലാണ് ഡിജിറ്റല് അറസ്റ്റ് സംഘം കാക്കനാട് സ്വദേശിനിയില് നിന്നും പണം തട്ടിയത്. ദില്ലിയിലെ ഒരു ബാങ്ക് അക്കൗണ്ട് വഴി ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള് നടന്നതായി കണ്ടെത്തിയെന്നും ഡിജിറ്റല് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. കേസില് നിന്ന് ഒഴിവാക്കാനായി പലതവണയായി നാല് കോടിയിലേറെ രൂപ കൈമാറിയതായി കാക്കനാട് സ്വദേശിനി നല്കിയ പരാതിയില് പറഞ്ഞിരുന്നു.
ഉത്തരേന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശികളുടെ പങ്ക് വ്യക്തമായത്. തുടര്ന്ന് രഹസ്യ നീക്കത്തിലൂടെ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുഹ്സില്, മിസ്ഹാപ് എന്നിവരെ കൊച്ചി സൈബര് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അക്കൗണ്ടുകള് വഴിയും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായി അന്വേഷണത്തില് കണ്ടെത്തി. രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില് ഹാജരാക്കി.
Story Highlights: Kochi Cyber Police arrest two Kozhikode natives for aiding in a Rs 4 crore fraud scheme, uncovering a large-scale operation centered in Koduvally.