ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി 3881 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 231 സ്ക്വാഡുകൾ പരിശോധനകൾക്ക് നേതൃത്വം നൽകി. 476 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 385 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചതായും മന്ത്രി പറഞ്ഞു.
തുടർ പരിശോധനകൾക്കായി 752 സർവൈലൻസ് സാമ്പിളുകളും 135 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധ തരം ചിപ്സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വിൽപന കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലും ചെക്കുപോസ്റ്റുകളിലും പരിശോധനകൾ നടത്തി. പായ്ക്കറ്റുകളിൽ നൽകുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ലേബൽ വിവരങ്ങളും പരിശോധിച്ചു.
അയൽ സംസ്ഥാനങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ചെക്പോസ്റ്റുകളിൽ പഴുതടച്ച പരിശോധനകൾ നടത്തി. സെപ്തംബർ 10 രാവിലെ ആറ് മുതൽ 14 രാവിലെ ആറ് വരെ 24 മണിക്കൂറും പരിശോധനകൾ നടത്തി. ഈ സമയം ഭക്ഷ്യവസ്തുക്കളുമായി കടന്നുവന്ന മുഴുവൻ വാഹനങ്ങളിലും പരിശോധനകൾ നടത്തി. 687 പരിശോധനകളാണ് പൂർത്തിയാക്കിയത്. തുടർ പരിശോധനകൾക്കായി പാൽ, പാലുത്പന്നങ്ങൾ എന്നിവയുടെ 751 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചു. 40 സ്ക്വാഡുകളാണ് പരിശോധനകൾക്കുണ്ടായിരുന്നത്.
Story Highlights: Kerala Health Minister Veena George announces extensive food safety checks during Onam season, with 3881 inspections conducted statewide.