സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ മൊത്തവ്യാപാര വില കുതിച്ചുയരുന്നു. കൊപ്രയുടെ ദൗർലഭ്യം മൂലം കേരളത്തിൽ വെളിച്ചെണ്ണ വില ഉയരാൻ ഇത് ഒരു പ്രധാന കാരണമായിട്ടുണ്ട്. ചില്ലറ വിപണിയിൽ കിലോയ്ക്ക് 340 മുതൽ 360 രൂപ വരെയാണ് ശരാശരി വില.
സംസ്ഥാനത്തേക്ക് കൊപ്രയുടെ വരവ് കുറഞ്ഞതാണ് വെളിച്ചെണ്ണ വിപണിയിലെ ഈ വില വർധനവിന് പ്രധാന കാരണം. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കൊപ്രയുടെ വരവ് പകുതിയായി കുറഞ്ഞു. വിദേശത്ത് നിന്ന് വരുന്ന കൊപ്രയ്ക്കും വിപണിയിൽ ക്ഷാമം നേരിടുന്നുണ്ട്.
2017-18 വർഷത്തിൽ മൊത്തവില 204 രൂപ എന്ന റെക്കോർഡിൽ എത്തിയിരുന്നു. എന്നാൽ ഇത് മറികടന്ന് കൊച്ചിയിൽ ഒരു കിലോ വെളിച്ചെണ്ണയുടെ വില 287 രൂപയായി ഉയർന്നു. കോഴിക്കോട് 307 രൂപ കടന്നു. പ്രതിദിനം വില കൂടിക്കൊണ്ടിരിക്കുകയാണ്.
ചില്ലറ വിപണിയിൽ നിലവിൽ 340 മുതൽ 360 രൂപ വരെയാണ് വെളിച്ചെണ്ണയുടെ വില.വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണയുടെ വില വർധിച്ചതോടെ പല കമ്പനികളും അളവ് കുറച്ച് ചെറിയ പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ട്.
200 ഗ്രാം, 300 ഗ്രാം കവറുകളിലാണ് ഇപ്പോൾ വെളിച്ചെണ്ണ കൂടുതലായി വിപണിയിൽ ലഭ്യമാകുന്നത്. അടുത്തൊന്നും വെളിച്ചെണ്ണയുടെ വില കുറയാൻ സാധ്യതയില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. ഈ വില വർധനവ് സാധാരണക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.
Story Highlights : Coconut oil prize increases in Kerala
Story Highlights: Coconut oil prices surge in Kerala due to copra shortage, impacting retail markets and prompting smaller packaging strategies.