മുനമ്പത്തെ സമരക്കാരുമായി മുഖ്യമന്ത്രി നാളെ വൈകുന്നേരം നാലുമണിക്ക് ഓൺലൈനായി ചർച്ച നടത്തും. ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കുകയും സമരക്കാരുടെ ആശങ്കകൾ കേൾക്കുകയും ചെയ്യും. ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രിമാർ ഈ വിവരം അറിയിച്ചിരുന്നു. സമരക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് സർക്കാർ വേഗത്തിൽ ഇടപെടുന്നത്.
മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം സമരസമിതി തള്ളിയിട്ടുണ്ട്. ഇത് പ്രശ്ന പരിഹാരം നീണ്ടുപോകാൻ ഇടയാക്കുമെന്ന് പ്രവർത്തകർ വ്യക്തമാക്കി. ശാശ്വത പരിഹാരമാണ് വേണ്ടതെന്നും സമരം അവസാനിപ്പിക്കില്ലെന്നും സമിതി വ്യക്തമാക്കി. പ്രദേശവാസികൾ പന്തം കൊളുത്തി പ്രകടനം നടത്തി. വേഗത്തിൽ പരിഹാരം കാണണമെന്നും രേഖകൾ പരിശോധിക്കേണ്ട കാര്യമില്ലെന്നും സമരക്കാർ പറഞ്ഞു.
ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രൻ നായരാണ് ജുഡീഷ്യൽ കമ്മീഷൻ. കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ലെന്നും പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ നോട്ടിസ് നൽകരുതെന്ന് വഖഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പി രാജീവ് അറിയിച്ചു. ആരെയും കുടിയൊഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടില്ലെന്നും രേഖ ഹാജരാക്കാൻ മാത്രമാണ് നോട്ടീസ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകുമെന്നും മന്ത്രി അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ കമ്മീഷൻ നടപടികൾ പൂർത്തീകരിക്കാനും നിർദേശിച്ചു.
Story Highlights: Chief Minister to hold online discussion with Munambam protesters tomorrow, addressing concerns and government decisions