മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പഴയ കിറ്റ് വിതരണം ചെയ്തെന്ന വാർത്തയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സംഭവം ആശ്ചര്യകരമാണെന്നും വിശദമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവരെ സഹായിക്കലാണോ അതോ എന്തെങ്കിലും ചെയ്യുന്നു എന്ന് വരുത്തിത്തീർത്ത് അതിന്റെ മേന്മ നേടുന്നതിനാണോ എന്ന് മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ചോദിച്ചു.
കേരളം ഒട്ടേറെ ദുരന്തങ്ങൾ നേരിട്ട നാടാണെന്നും ഒരു ദുരന്തം വരുമ്പോൾ ദുരിതത്തിന് മറ്റൊന്നും തടസ്സമായി നിൽക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ ദുരന്തം വന്നപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു സഹായിച്ചുവെന്നും, അന്ന് സർക്കാർ ഉപയോഗിച്ച പഴയ വസ്ത്രങ്ങൾ അയക്കരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ദുരിതബാധിതർക്ക് മാന്യമായ വസ്ത്രധാരണത്തിനുള്ള അവസരം ഉണ്ടാകണമെന്ന കരുതലിന്റെ പുറത്താണ് അത് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഹായം നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയെന്നും വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ സഹായങ്ങൾ വിലകുറച്ചു കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ സാധനങ്ങൾ കൊടുക്കരുതെന്ന് പറഞ്ഞ സർക്കാരിന്റെ ഭാഗമായി നിൽക്കേണ്ട പ്രാദേശിക സർക്കാർ തന്നെയാണ് പഴയ വസ്ത്രങ്ങൾ വിതരണം ചെയ്തതെന്ന് കരുതുന്നുവെന്നും അത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായി നൽകുന്ന നിർദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും അതിന്റെ ഉദ്ദേശ്യവും പഴയ സാധനങ്ങൾ എങ്ങനെ എത്തിയെന്നതും പരിശോധനയിലൂടെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: CM Pinarayi Vijayan orders vigilance probe into distribution of old relief kits to Mundakkai-Chooralmala landslide victims