മുഖ്യമന്ത്രിയുടെ ഓഫീസ് ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ പത്രാധിപർക്ക് കത്തയച്ചു. മുഖ്യമന്ത്രി നൽകിയ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. അഭിമുഖത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ആശങ്കകൾ ഉണ്ടെന്നും മുഖ്യമന്ത്രി ഒരു സ്ഥലപ്പേരോ പ്രദേശമോ പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് കത്തിൽ വ്യക്തമാക്കി.
അഭിമുഖത്തിൽ ‘സംസ്ഥാന വിരുദ്ധം’, ‘ദേശ വിരുദ്ധ പ്രവർത്തി’ എന്നീ വാക്കുകൾ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ലെന്നും തെറ്റായ വ്യാഖ്യാനം വിവാദത്തിന് ഇടയാക്കിയെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ യഥാർത്ഥ കാഴ്ചപ്പാടുകൾ കൃത്യമായി അവതരിപ്പിക്കുന്ന ഒരു വ്യക്തത പൊതുധാരണ പുനഃസ്ഥാപിക്കുന്നതിനും കൂടുതൽ ദുർവ്യാഖ്യാനങ്ങൾ തടയുന്നതിനും നിർണായകമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് നേരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമടക്കമുള്ള സംഭവങ്ങൾ അരങ്ങേറി. മലപ്പുറം ജില്ലയെ ആക്ഷേപിച്ച മുഖ്യമന്ത്രി മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആർഎസ്എസ് ബാന്ധവം പുറത്തായതിൻ്റെ ജാള്യത മറയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സിപിഐഎം വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകുകയാണെന്നും സ്വന്തം അണികളെ പിടിച്ചു നിർത്താനാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആക്ഷേപിച്ചു.
Story Highlights: Kerala Chief Minister’s Office sends letter to ‘The Hindu’ editors clarifying misinterpretation of interview