പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താൻ ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റിയെടുക്കാനാവണമെന്നും അതിൽ അധ്യാപകർക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിൽ അധ്യാപകരുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങൾ നൽകണമെന്നും ഓരോ സ്കൂളിന്റെയും നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടൽ വേണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. സ്കൂൾതല ആസൂത്രണം നടത്തണമെന്നും കുട്ടികളുടെ വായന, എഴുത്ത് എന്നിവ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ കുട്ടിയുടെയും പിറകിൽ അധ്യാപകർ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും മെന്ററിങ് ഫലപ്രദമായി നടപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
മോണിറ്ററിങ് ശക്തിപ്പെടുത്തണമെന്നും മുഖാമുഖ പഠനത്തിന് ആവശ്യമായ സമയം കിട്ടുന്നില്ലെന്ന പരാതി ഗൗരവമായി പരിശോധിക്കണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. എഇഒ, ഡിഇഒമാർ അക്കാദമിക് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഇംഗ്ലീഷ് അധ്യാപകർ വേണമെന്ന തീരുമാനം സമയബന്ധിതമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുമാനദണ്ഡം നിശ്ചയിക്കണമെന്നും പ്രധാന അധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും മാനേജ്മെന്റ് പരിശീലനം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അക്കാദമിക് ഗുണമേന്മ മെച്ചപ്പെടുത്താൻ സംഘടനകളുടെ സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Kerala Chief Minister Pinarayi Vijayan chairs meeting to improve public education quality through public participation