മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി ചർച്ച ചെയ്യാനുള്ള മന്ത്രിസഭായോഗം ജനുവരി ഒന്നിന് നടക്കും. എംടി വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്നാണ് ഇന്ന് ചേരാനിരുന്ന യോഗം മാറ്റിവെച്ചത്. മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകുമെന്നും, പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കാനാണ് പദ്ധതി. കൽപ്പറ്റയിലും മേപ്പാടി നെടമ്പാലയിലുമായി നിർമ്മിക്കുന്ന ഈ ടൗൺഷിപ്പുകൾ ഒറ്റഘട്ടമായി പൂർത്തിയാക്കും. 1000 ചതുരശ്ര അടി വിസ്തീർണമുള്ള ഒറ്റനില വീടുകളാണ് ദുരിതബാധിതർക്കായി നിർമ്മിക്കുക. എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഈ ടൗൺഷിപ്പുകൾക്ക് 750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ നടന്ന മന്ത്രിസഭായോഗത്തിൽ പുനരധിവാസ പദ്ധതിയുടെ കരട് അവതരിപ്പിച്ചിരുന്നു. പവർ പോയിന്റ് പ്രസന്റേഷനിലൂടെ വീടുകളുടെ ഡിസൈൻ അടക്കമുള്ള കാര്യങ്ങൾ വിശദമാക്കിയിരുന്നു. 50 വീടുകൾ മുതൽ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോൺസർമാരായി കണക്കാക്കും. പുനരധിവാസത്തിനായി സഹായം വാഗ്ദാനം ചെയ്ത 38 പേരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമെന്നും അറിയുന്നു.
Story Highlights: Kerala cabinet to discuss Mundakkai-Churalmala rehabilitation on January 1