ചൂരല്മല – മുണ്ടക്കൈ പുനരധിവാസ പദ്ധതിയില് ഏറ്റെടുക്കുന്ന രണ്ട് എസ്റ്റേറ്റുകളിലും പത്ത് സെന്റ് ഭൂമി ഉറപ്പാക്കണമെന്ന ആവശ്യവുമായി ദുരന്തബാധിതര് രംഗത്തെത്തി. ഈ ആവശ്യം നാളെ മന്ത്രിതലത്തില് ഉന്നയിക്കുമെന്ന് വാര്ഡ് തല ആക്ഷന് കമ്മിറ്റി അറിയിച്ചു. ഈ വിഷയത്തില് സമരത്തിനിറങ്ങേണ്ട സാഹചര്യമാണെന്ന് ജനശബ്ദം ആക്ഷന് കമ്മിറ്റിയും അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ പുനരധിവാസ പ്രഖ്യാപനത്തിന് പിന്നാലെ സ്ഥലം സംബന്ധിച്ച വിഷയത്തില് വിമര്ശനം ഉയരുകയാണ്. നെടുമ്പാല എച്ച്എംഎല് എസ്റ്റേറ്റില് പത്ത് സെന്റ് ഭൂമിയില് വീട് നിര്മ്മിക്കുമ്പോള്, കല്പ്പറ്റ നഗരസഭയിലെ എല്സ്റ്റണ് എസ്റ്റേറ്റില് അഞ്ച് സെന്റ് മാത്രമാണ് അനുവദിക്കുന്നത്. ഈ വ്യത്യാസമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടാനാണ് ആക്ഷന് കൌണ്സിലുകള് ഒരുങ്ങുന്നത്.
അതേസമയം, പുനരധിവാസത്തിനുള്ള എസ്റ്റേറ്റുകളില് സര്വേ നടപടികള്ക്ക് ഇന്ന് തുടക്കമായി. സ്പെഷ്യല് ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ ജെ.ഒ അരുണിന്റെ നേതൃത്വത്തില് കൃഷി, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് സര്വേ നടത്തുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തെ ആസ്തി വിവരശേഖരണമാണ് നടക്കുന്നത്. രണ്ടാഴ്ചയ്ക്കകം നടപടി പൂര്ത്തിയാക്കി സര്ക്കാരിന് സമര്പ്പിക്കാനാണ് ശ്രമം. നാളെ മുതല് നെടുമ്പാല എസ്റ്റേറ്റിലും സര്വേ ആരംഭിക്കും.
കല്പ്പറ്റയിലും മേപ്പാടിയിലുമായി 750 കോടി രൂപ ചെലവില് രണ്ട് ടൗണ്ഷിപ്പുകള് നിര്മ്മിച്ചാണ് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത്. ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് സൊസൈറ്റിക്കാണ് നിര്മ്മാണ ചുമതല. പദ്ധതി സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിനായി ത്രിതലമേല്നോട്ട സമിതികളും രൂപീകരിക്കും. ടൗണ്ഷിപ്പിന് പുറത്ത് താമസിക്കാന് ആഗ്രഹിക്കുന്നവര്ക്ക് 15 ലക്ഷം രൂപ നല്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: Chooralmala-Mundakkai Rehabilitation: Disaster victims demand 10 cents of land in both estates