രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ് മുന്നണികൾ. എന്നാൽ പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
ചേലക്കരയിൽ ആകെ പോൾ ചെയ്തത് 72.77% വോട്ടാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ 4 ശതമാനം കുറവാണിത്. ഈ നാല് ശതമാനത്തിലാണ് മുന്നണികളുടെ നെഞ്ചിടിപ്പ്. അവസാനവട്ട കണക്കുകൂട്ടലുകളിൽ കഷ്ടിച്ചു കയറിക്കൂടാമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫ് നിലനിർത്തിയത് 39400 വോട്ടിന്റെ ഭൂരിക്ഷത്തിൽ ആയിരുന്നു. ഇക്കുറി അതിനോടടുക്കാനാവില്ലെന്നും 10000 – 15000 വരെ മാത്രമാണ് പ്രതീക്ഷയെന്നും വിലയിരുത്തപ്പെടുന്നു.
വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കൾ പ്രചാരണഘട്ടത്തിൽ പറഞ്ഞിരുന്നത്. എന്നാൽ പോളിംഗ് കഴിഞ്ഞതോടെ അത് നാല് ലക്ഷത്തിലേക്ക് ചുരുങ്ങി. കാരണം പോളിംഗ് ശതമാനത്തിലെ കുറവാണ്. എട്ട് ശതമാനത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞത്. പാലക്കാട്ട് എൽഡിഎഫ് അനുഭാവവോട്ടുകളും ലഭിച്ചെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അവകാശവാദം. അമ്പതിനായിരം വോട്ടുകൾ ലഭിക്കുമെന്ന് LDF സ്ഥാനാർഥി ഡോക്ടർ പി സരിനും, അയ്യായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പ്രതീക്ഷ പ്രകടിപ്പിച്ചു.
Story Highlights: Palakkad, Wayanad and Chelakkara by-election results to be announced tomorrow, with low voter turnout causing concern among political fronts.