പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറും തമ്മിലുള്ള ലീഡ് നില മാറിമറിയുന്നു. പോസ്റ്റൽ വോട്ടിൽ മുന്നിലെത്തിയ ബിജെപിയെ മറികടന്ന് യുഡിഎഫ് ആണ് നിലവിൽ പാലക്കാട് ലീഡ് ചെയ്യുന്നത്. ഏഴ് റൗണ്ടുകൾ പൂർത്തിയാകുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് നേടിയത്. ആകെ 14 റൗണ്ട് എണ്ണലാണ് പാലക്കാട് നടക്കുന്നത്.
ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് തുടക്കം മുതൽ ലീഡ് നിലനിർത്തുകയാണ്. അദ്ദേഹത്തിന്റെ ലീഡ് പതിനായിരത്തോട് അടുക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് ഇതുവരെ ലീഡ് പിടിക്കാൻ കഴിഞ്ഞിട്ടില്ല. ചേലക്കരയിൽ 13 റൗണ്ട് എണ്ണലാണ് നടക്കുന്നത്. എൽഡിഎഫ് വിജയം ഉറപ്പിച്ച് പലയിടത്തും സിപിഐഎം പ്രവർത്തകർ ആഘോഷം ആരംഭിച്ചു.
വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടമാണ് നടക്കുന്നത്. അവരുടെ ലീഡ് രണ്ട് ലക്ഷത്തിന് മുകളിലേക്ക് ഉയർന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു മുന്നിൽ. ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഏഴ് മാസത്തെ ഇടവേളയിൽ തെരഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങിൽ 8.76 ശതമാനം കുറവാണ് വന്നത്.
Story Highlights: Palakkad, Wayanad and Chelakkara by-election results show close contests and significant leads