പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഈ സഭാ കാലയളവിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങൾ ചർച്ചയാകും. ആദ്യ ദിവസമായ ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഭ പിരിയും. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് ആദരമർപ്പിക്കുക എന്നത് മാത്രമാണ് നിയമസഭയുടെ ഇന്നത്തെ അജണ്ട.
പ്രതിപക്ഷത്തിന്റെ ആവനാഴിയിൽ സഭയെ പിടിച്ചു കുലുക്കാൻ നിരവധി വിഷയങ്ങളുണ്ട്. മലപ്പുറം വിവാദ പരാമർശവും പിന്നാലെ ഉണ്ടായ പിആർ ഏജൻസി വിവാദവും സർക്കാരിന് വിശദീകരിക്കേണ്ടി വരും. പി.വി അൻവർ എംഎൽഎയുടെ നിലപാട് മാറ്റവും ചർച്ചയാകും. മുൻപ് സർക്കാരിന്റെ ചാവേറായിരുന്ന അൻവർ ഇത്തവണ പ്രതിപക്ഷ അംഗങ്ങളുടെ ഒപ്പമാണ് ഇരിക്കുക. അൻവർ ഉയർത്തിവിട്ട ആരോപണങ്ങൾ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമാകും.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച, തൃശ്ശൂർ പൂരം വിവാദം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ആരോപണം, ഹേമ കമ്മറ്റി റിപ്പോർട്ട് തുടങ്ങിയവയും സഭയിൽ ചർച്ചയാകും. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് നക്ഷത്രം ഒഴിവാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയും സ്പീക്കറുടെ മുന്നിലുണ്ട്. ഈമാസം 18ന് അവസാനിക്കുന്ന സഭാ സമ്മേളനത്തിൽ സർക്കാരിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്.
Story Highlights: Kerala Assembly’s 12th session begins today with various issues challenging the government