കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനവുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തും. കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ചർച്ചയ്ക്ക് ഒരുങ്ങുന്നതെന്ന് കെ.വി. തോമസ് വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ കെ.വി. തോമസിനോടൊപ്പം കേരള ഹൗസ് റസിഡന്റ് കമ്മീഷണറും പങ്കെടുക്കും. രാവിലെ 11.30നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കാസർകോട്, വയനാട് ജില്ലകളിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനും കേന്ദ്രസർക്കാരിന്റെ പിന്തുണ തേടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു.
എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എയിംസ് സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കേന്ദ്രം വിളിപ്പിച്ചതെന്ന് കെ.വി. തോമസ് പറഞ്ഞു. ആശാ വർക്കർമാരുടെ സമരം ചർച്ചയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്.
ആശാ വർക്കർമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ വർധിപ്പിക്കണമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഷയങ്ങൾ ഉന്നയിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ കാണാൻ ആരോഗ്യമന്ത്രി വീണാ ജോർജ് സമയം ചോദിച്ചിരുന്നു. എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: Kerala’s special representative, KV Thomas, will meet with the Union Health Secretary to discuss the state’s demand for an AIIMS.