കേരളത്തിലെ എയിംസ് സ്ഥാപനത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് പരിഗണനയിലുണ്ടെന്ന് കെ.വി. തോമസ് വ്യക്തമാക്കി. എയിംസ് അനുവദിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാറുണ്ടെന്നും കേരളത്തിലും ഈ രീതി തന്നെയായിരിക്കും പരിഗണിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് മെഡിക്കൽ കോളേജിനു പുറമേ, ആലപ്പുഴ മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്നിവയും കേന്ദ്രം പരിഗണിച്ചിട്ടുണ്ട്.
പാർലമെന്റ് സമ്മേളനത്തിനു ശേഷം കേന്ദ്ര സംഘം കേരളം സന്ദർശിക്കുമെന്നും കെ.വി. തോമസ് അറിയിച്ചു. എയിംസിനായി സംസ്ഥാനം നിർദ്ദേശിച്ച സ്ഥലങ്ങൾ കേന്ദ്ര സംഘം പരിശോധിക്കും. വെള്ളം, വൈദ്യുതി, റോഡ്, വിമാനത്താവള കണക്റ്റിവിറ്റി എന്നിവയായിരിക്കും പ്രധാനമായും പരിശോധിക്കുക.
ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി കേന്ദ്ര സംഘം ചർച്ച നടത്തും. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ പാർലമെന്റ് സമ്മേളനത്തിനു ശേഷം തീരുമാനമുണ്ടാകുമെന്നും കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ് വ്യക്തമാക്കി.
ആശാവർക്കർമാരുടെ വിഷയം ചർച്ച ചെയ്തില്ലെന്നും കെ.വി. തോമസ് പറഞ്ഞു. ആശുപത്രികളുടെ ചുമതലയുള്ള സെക്രട്ടറി അങ്കിത മിശ്രയുമായാണ് താൻ കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കെ.വി. തോമസിന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് സമര സമിതി പ്രതികരിച്ചു. കെ.വി. തോമസിലൂടെ പുറത്തുവന്നത് സർക്കാർ നയമാണെന്നും സമര സമിതി നേതാവ് എസ്. മിനി പറഞ്ഞു.
Story Highlights: KV Thomas announced that a decision regarding the AIIMS in Kerala will be made after the Parliament session.