കേരളത്തിലെ കീം എൻജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഫലം പ്രസിദ്ധീകരിച്ചത്. ആലപ്പുഴ സ്വദേശി പി. ദേവാനന്ദിന് ഒന്നാം റാങ്കും, മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന് രണ്ടാം റാങ്കും, കോട്ടയം സ്വദേശി അലൻ ജോണി അനിലിന് മൂന്നാം റാങ്കും ലഭിച്ചു. ആദ്യ മൂന്നു റാങ്കുകളും ആൺകുട്ടികൾക്കാണ്.
79,044 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 58,340 പേർ യോഗ്യത നേടി, 52,500 പേർ റാങ്ക് പട്ടികയിൽ ഇടം പിടിച്ചു. മുൻ വർഷത്തേക്കാൾ 2,829 പേർ കൂടുതലായി ഇത്തവണ റാങ്ക് നേടി. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളും ഉൾപ്പെട്ടു. എറണാകുളം ജില്ലയിൽ നിന്നാണ് ആദ്യ 100 റാങ്കിൽ ഏറ്റവും കൂടുതൽ പേരുള്ളത്.
കേരള സിലബസിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ 2,034 പേരും സി.ബി.എസ്.ഇ പഠനം പൂർത്തിയാക്കിയ 2,785 പേരും ആദ്യ 5,000 റാങ്കിൽ ഇടം നേടി. പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിച്ചത് പ്രത്യേകതയാണ്. ഫലം പ്രഖ്യാപിച്ച ശേഷം മന്ത്രി ആർ ബിന്ദു വിജയികളെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.