കോടതിയെ ഭയപ്പെടുത്താനും സമ്മർദ്ദത്തിലാക്കാനുമുള്ള ബിജെപിയുടെ ശ്രമത്തെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അപലപിച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയുടെ കോടതിയലക്ഷ്യ പ്രസ്താവനയ്ക്കെതിരെ സ്പീക്കർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കെതിരായ ഗുരുതരമായ കടന്നുകയറ്റമാണിതെന്നും സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കോൺഗ്രസ് അതീവ ഗൗരവമായാണ് കാണുന്നതെന്നും വേണുഗോപാൽ വ്യക്തമാക്കി.
\n\nനിഷികാന്ത് ദുബെയെ ബിജെപി ഇപ്പോൾ തള്ളിപ്പറഞ്ഞത് കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ദുബെ ആദ്യമായല്ല ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും പാർലമെന്റിൽ പോലും ഇതേ രീതിയാണ് അദ്ദേഹം പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ബിജെപി ദുബെയെ നിയന്ത്രിക്കാൻ തയ്യാറായിട്ടില്ലെന്നും വേണുഗോപാൽ ആരോപിച്ചു. ഏറ്റവും ഉയർന്ന പാർലമെന്ററി സ്ഥാനങ്ങളിലിരിക്കുന്നവർ പോലും കോടതിയെ ആക്രമിക്കുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
\n\nജുഡീഷ്യറിക്കെതിരായ ഇത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ജനാധിപത്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി. രാജ്യത്തെ ഏറ്റവും വലിയ ഭരണഘടനാ സ്ഥാപനമാണ് സുപ്രീംകോടതി. കേസിന്റെ മെറിറ്റ് അനുസരിച്ചാണ് കോടതി തീരുമാനങ്ങളെടുക്കുന്നത്. അനുകൂലമായ വിധികളെ മഹത്തരമെന്നും പ്രതികൂലമായ വിധികളെടുക്കുന്ന ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നതും വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നതും അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
\n\nനിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. സ്ഥാനാർത്ഥിയാകാൻ പലരും ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ അതിനെ കോൺഗ്രസിലെ ഭിന്നതയായി ചിത്രീകരിക്കുന്നതിലാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
\n\nപാർലമെന്റിന്റെ മഹത്വം പറഞ്ഞുകൊണ്ട്, നീതിപൂർവമായ ചർച്ചകൾക്ക് അവസരം നൽകാതെ, പ്രതിപക്ഷ നേതാവിന് പോലും സംസാരിക്കാൻ അവസരം നിഷേധിച്ച് പാർലമെന്റിനെ പരിഹാസ്യമാക്കുകയാണ് ഭരണപക്ഷമെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. ചെറിയ ഭൂരിപക്ഷം ഉപയോഗിച്ച് പാർലമെന്റിൽ നിയമനിർമ്മാണങ്ങൾ ബുൾഡോസ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് ബില്ലിൽ ലോക്സഭയിൽ ചർച്ച നടക്കുമ്പോൾ തന്നെ പ്രതിപക്ഷം ആർട്ടിക്കിൾ 26ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നെന്നും കോടതിയുടെ വരാന്തയിൽ പോലും നിൽക്കാൻ കഴിയാത്ത പ്രൊവിഷനുകൾ ബില്ലിലുണ്ടെന്ന് താക്കീത് നൽകിയിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Story Highlights: KC Venugopal criticizes BJP for attempting to intimidate the Supreme Court and demands action against BJP MP Nishikant Dubey for contempt of court.