കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി മാതാപിതാക്കള്ക്കൊപ്പം പോകുന്നില്ല എന്ന നിലപാട് ആവര്ത്തിച്ചു. ഒരാഴ്ചത്തെ കൗണ്സിലിംഗിന് ശേഷമാണ് കുട്ടി ഈ നിലപാട് വ്യക്തമാക്കിയത്. പൂജപ്പുരയിലെ സിഡബ്ലുസി ആസ്ഥാനത്ത് നാടകീയ രംഗങ്ങള് അരങ്ങേറി.
കുട്ടിയെ കൊണ്ടുപോകാന് മാതാപിതാക്കള് നിര്ബന്ധിച്ചെങ്കിലും കുട്ടി വഴങ്ങിയില്ല. ഓഗസ്റ്റ് 25ന് രാത്രിയാണ് പതിമൂന്നുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. പിറ്റേന്ന് സിഡബ്ലുസി കുട്ടിക്കായി പ്രത്യേക സിറ്റിങ് നടത്തി.
മാതാവ് എപ്പോഴും ശകാരിക്കുമെന്നും അമിതമായി ജോലി ചെയ്യിക്കുമെന്നും കുട്ടി അന്ന് സിഡബ്ല്യുസിക്ക് മൊഴി നല്കി. മാതാപിതാക്കള്ക്കൊപ്പം പോകാന് താല്പര്യമില്ലെന്നും കുട്ടി അറിയിച്ചു. തുടര്ന്ന് കുട്ടിക്ക് ഒരാഴ്ചത്തെ കൗണ്സിലിംഗ് നല്കാന് സിഡബ്ലുസി തീരുമാനിച്ചു.
കൗണ്സിലിംഗ് പൂര്ത്തിയാക്കി കുട്ടിയെ ഇന്ന് സിഡബ്ലുസിയില് എത്തിച്ചു. മാതാപിതാക്കളെയും വിളിച്ചു വരുത്തി. എന്നാല് കുട്ടി തന്റെ നിലപാടില് ഉറച്ചു നിന്നു.
പതിമൂന്നുകാരിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കു മാറ്റിയതായി ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ചെയര്പേഴ്സണ് അഡ്വക്കേറ്റ് ഷാനിബ ബീഗം വ്യക്തമാക്കി.
Story Highlights: 13-year-old girl from Kazhakkoottam refuses to go with parents after counseling