കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യ ചെയ്ത സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ വി.ആർ സജിയുമായുള്ള സാബുവിന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് ഈ ആരോപണം ശക്തമായത്.
സംഭാഷണത്തിൽ, താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് സാബു പറയുന്നു. ഇതിന് മറുപടിയായി, “നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു” എന്നായിരുന്നു സജിയുടെ പ്രതികരണം. കൂടാതെ, “പണി മനസിലാക്കി തരാം” എന്നും സജി സാബുവിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ അഭിപ്രായത്തിൽ, സാബു ബാങ്കിലെത്തിയപ്പോൾ ബിനോയ് എന്നയാൾ ‘പോടാ പുല്ലേ’ എന്ന് പറഞ്ഞത് സാബുവിന് മാനസിക വേദന ഉണ്ടാക്കി. കഴിഞ്ഞദിവസം സാബു 2 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ മോശമായി പെരുമാറിയെന്ന പരാതി പറയാൻ വിളിച്ചപ്പോഴാണ് മുൻ ബാങ്ക് പ്രസിഡന്റ് കൂടിയായിരുന്ന വി ആർ സജിയുടെ ഭീഷണി ഉണ്ടായത്. ചികിത്സയ്ക്ക് പണം കിട്ടാതെ വന്നതിനോടൊപ്പം ഭീഷണി കൂടി കേട്ടതോടെ സാബു മാനസികമായി തകർന്നുവെന്നാണ് വിലയിരുത്തൽ.
സാബുവിന്റെ സഹോദരൻ ജോയി, പൊലീസ് നീതിപൂർവ്വമായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ തുടർനടപടികൾ തീരുമാനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് ജീവനക്കാരുടെ മോശം പെരുമാറ്റമാണ് സഹോദരന്റെ ആത്മഹത്യക്ക് കാരണമെന്നും, ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ്, തങ്ങൾ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തമാക്കി. ബാങ്കിന്റെ ഭരണം സിപിഎം ഏറ്റെടുത്തിട്ട് 4 വർഷമായെന്നും, 20 കോടിയുടെ ബാധ്യതയാണ് ബാങ്കിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാബുവിന് നിശ്ചിത തുക വീതം കൊടുക്കുന്നുണ്ടെന്നും, സാബു ബാങ്കിൽ എത്തി ജീവനക്കാരുമായി തർക്കം ഉണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ലെന്നും, കേസന്വേഷണത്തിൽ പൊലീസുമായി സഹകരിക്കുമെന്നും സി പി ഐ എം വ്യക്തമാക്കി.
സംഭവത്തിൽ ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും, ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജ മോൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. സാബുവിന്റെ മൃതദേഹം കട്ടപ്പനയിലുള്ള വീട്ടിൽ എത്തിക്കുമെന്നും, സംസ്കാരം കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ നടക്കുമെന്നും അധികൃതർ അറിയിച്ചു.
Story Highlights: CPM leader threatens Sabu who committed suicide in front of Kattappana Rural Development Co-operative Society