കാട്ടാക്കടയിലെ സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ കുടുംബം ആരോപണവുമായി രംഗത്തെത്തി. കുട്ടിയെ സ്കൂളിലെ ക്ലർക്ക് മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം ആർഡിഒയ്ക്ക് മുന്നിൽ പരാതി നൽകി. കുട്ടി മരണപ്പെട്ടതല്ല, കൊല്ലപ്പെട്ടതാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കുട്ടിയുടെ അമ്മയോട് ക്ലർക്ക് മോശമായി പെരുമാറിയതായും കുടുംബം ആരോപിച്ചു. വിദ്യാർത്ഥികളെ അപമാനിക്കുന്ന തരത്തിലായിരുന്നു ക്ലർക്കിന്റെ പെരുമാറ്റമെന്നും അവർ പറഞ്ഞു. സീൽ എടുത്തോട്ടെ എന്ന് ചോദിച്ച കുട്ടിയോട്, “നിന്റെ അപ്പന്റെ വക ആണോ” എന്ന് ക്ലർക്ക് ചോദിച്ചെന്നും തെറി വിളിച്ചെന്നും കുടുംബം വ്യക്തമാക്കി. മുൻപും വിദ്യാർത്ഥി ഈ വിഷയം വീട്ടിൽ പറഞ്ഞിരുന്നതായും കുടുംബം അറിയിച്ചു. ക്ലർക്കിനെതിരെ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർത്ഥിയെ കാണാതായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനിടെയാണ് രാവിലെ ആറുമണിയോടെ മൃതദേഹം കണ്ടെത്തിയത്.
സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ഇന്ന്. കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ ഇന്നലെ പരാതി നൽകിയിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കുട്ടിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Story Highlights: Family alleges mental harassment by school clerk in Kattakada student suicide case.