കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതി ജോൺസൺ ഔസേപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചിങ്ങവനം കുറിച്ചിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കുറിച്ചിയിൽ ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്ന ജോൺസൺ, വീട്ടിലെത്തിയപ്പോൾ വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിഷവസ്തു കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായിരുന്നു ജോൺസൺ. വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടിൽ ആതിരയെ (30) ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയാണ് കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലായിരുന്നു ഇവരുടെ താമസം.
അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് രാവിലെ അഞ്ചരയോടെ മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം യുവതിയുടെ സ്കൂട്ടറിൽ ആണ് ജോൺസൺ രക്ഷപ്പെട്ടത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ ആതിര ജോൺസണ് നൽകിയിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2,500 രൂപയും യുവതിയുടെ പക്കൽ നിന്നും വാങ്ങി.
നേരത്തെ ആതിര ജോൺസണുമായി പല സ്ഥലങ്ങളിലും പോയതായും പോലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ പണം തട്ടിയിരുന്നത്. ഒടുവിൽ കൂടെ പോകണമെന്ന് ജോൺസൺ ആതിരയോട് ആവശ്യപ്പെട്ടു. ഇത് ആതിര വിസമ്മതിച്ചു. കൃത്യം നടന്ന ദിവസം രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിയ ജോൺസണ് ആതിര ചായ നൽകി.
പിന്നീട് ആതിരയെ എന്തോ നൽകി മയക്കിയ ശേഷമാണ് കഴുത്തിൽ കത്തി കുത്തി കൊന്നത്. കൊല നടന്ന ദിവസം രാവിലെ പ്രതി പെരുമാതുറയിലെ വാടകവീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. നേരത്തെ ജോൺസണ് ആതിരയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Story Highlights: A young woman was stabbed to death in Katinamkulam, Thiruvananthapuram, and the accused, her Instagram friend, has been apprehended by the police.