കാസർഗോഡ് പൈവളിഗയിൽ പതിനഞ്ചുകാരിയെയും നാൽപ്പത്തിരണ്ടുകാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് ഹൈക്കോടതി വിശദീകരണം തേടി. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പോക്സോ കേസെടുത്ത് അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇരുവരുടെയും മരണത്തിൽ അന്വേഷണ വിവരങ്ങൾ രേഖാമൂലം സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകി. കുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തുന്നതിലും വീഴ്ച പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. സ്ത്രീകളെയും കുട്ടികളെയും കാണാതായാൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.പി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പെൺകുട്ടി ഒളിച്ചോടിപ്പോയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
മരിച്ച കുട്ടിയുടെ കുടുംബത്തിന് വേണ്ടിയാണ് കോടതി ഇടപെടുന്നതെന്ന് ജസ്റ്റിസുമാർ വ്യക്തമാക്കി. പോലീസിനോട് ഉന്നയിച്ച ചോദ്യങ്ങളിൽ വിമർശനമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി സമർപ്പിച്ച കേസ് ഡയറി പരിശോധിച്ച കോടതി അന്വേഷണം നടന്നുവെന്ന് മനസ്സിലാക്കിയതായും കേസ് ഡയറിയിൽ അപാകതകളൊന്നുമില്ലെന്നും കോടതി പറഞ്ഞു.
പോക്സോ കേസിൽ അന്വേഷണം നടത്തണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ അമ്മ നേരത്തെ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞ് ഹൈക്കോടതി സംഭവത്തിൽ അതീവ ദുഃഖവും രേഖപ്പെടുത്തി.
Story Highlights: The Kerala High Court questioned the police’s inaction in filing a POCSO case after a 15-year-old girl went missing in Kasaragod, later found dead with a 42-year-old man.