കാസർഗോഡ് ജില്ലയിലെ മാവുങ്കാൽ ഏച്ചിക്കാനത്ത് ക്രഷർ മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 10.2 ലക്ഷം രൂപ കവർന്ന കേസിൽ നാല് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് 5.45നാണ് സംഭവം നടന്നത്. ഏച്ചിക്കാനം ജാസ് ഗ്രാനൈറ്റ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്റ്റോക്ക് യാർഡ് മാനേജർ കോഴിക്കോട് മരുതോംകര സ്വദേശി പി പി രവീന്ദ്രനിൽ നിന്നാണ് പണം കവർന്നത്. അസാം സ്വദേശി ധനഞ്ജയ് ബോറ (22), ബീഹാർ സ്വദേശികളായ ഇബ്രാൻ ആലം (21), മുഹമ്മദ് മാലിസ് എന്ന എ ഡി മാലിക് (21), മുഹമ്മദ് ഫാറൂഖ് (30) എന്നിവരെയാണ് മംഗളൂരുവിൽ നിന്ന് പിടികൂടിയത്.
ക്രഷറിലെ കളക്ഷൻ തുകയുമായി മടങ്ങുകയായിരുന്ന രവീന്ദ്രനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണവും മൊബൈൽ ഫോണും കവർന്നത്. സംഭവത്തെ തുടർന്ന് ഹൊസ്ദുർഗ് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന തെലങ്കാന രജിസ്ട്രേഷനിലുള്ള കാർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കാറുടമയ്ക്ക് പ്രതികൾ വാടക ഗൂഗിൾ പേ ചെയ്തതായി പോലീസ് കണ്ടെത്തി. ഈ വിവരമാണ് പ്രതികളെ കുടുക്കിയത്. പ്രതികൾ ട്രെയിൻ മാർഗം മംഗളൂരുവിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടർന്ന് മംഗളൂരുവിൽ നടത്തിയ തിരച്ചിലിൽ പ്രതികളെ പിടികൂടുകയായിരുന്നു.
ക്രഷറിലെ ജീവനക്കാരനായ ധനഞ്ജയ് ബോറയാണ് മാനേജർ ദിവസവും പണം കൊണ്ടുപോകുന്ന വിവരം പ്രതികൾക്ക് ചോർത്തി നൽകിയത്. ഇയാൾക്ക് പ്രതികൾ 49,000 രൂപ നൽകിയിരുന്നു. ധനഞ്ജയ് ബോറയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കളിത്തോക്ക് ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
തട്ടിയെടുത്ത പണത്തിൽ 9.64 ലക്ഷം രൂപയും മൊബൈൽ ഫോണും കാറും പോലീസ് കണ്ടെടുത്തു. ധനഞ്ജയ് ബോറയും ഒന്നാം പ്രതി ഇബ്രാൻ ആലവും കണ്ണൂരിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതായും അവിടെ വെച്ചാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.
Story Highlights: Four interstate workers arrested for robbing a crusher manager of Rs 10.2 lakh at gunpoint in Kasaragod.