കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ ജ്യൂസിൽ മദ്യം കലർത്തി പീഡിപ്പിച്ച് നഗ്ന വീഡിയോ പകർത്തിയ കേസിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശിയായ മുഹമ്മദ് ജാസ്മിനെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പതിനാറു വയസ്സുള്ള മകന് പ്രതി വീഡിയോ ദൃശ്യങ്ങൾ അയച്ചുകൊടുത്തതായും പോലീസ് കണ്ടെത്തി.
ഈ മാസം 12ന് ചന്തേര പോലീസാണ് ജാസ്മിനെ ആദ്യം അറസ്റ്റ് ചെയ്തത്. പ്രവാസിയായിരുന്ന യുവതി നാട്ടിലെത്തിയപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതിയുമായി പരിചയപ്പെട്ടത്. തുടർന്ന് നാല് ദിവസം പ്രതി യുവതിയോടൊപ്പം താമസിച്ചു.
ജ്യൂസിൽ മദ്യം കലർത്തി നൽകിയാണ് യുവതിയെ പീഡിപ്പിച്ചതെന്നും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. ഭീഷണി തുടർന്നതോടെ യുവതി ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു.
വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് മുഹമ്മദ് ജാസ്മിനെ പോലീസ് പിടികൂടിയത്. ഇതിനുശേഷമാണ് യുവതിയുടെ മകൻ പയ്യന്നൂർ പോലീസിനെ സമീപിച്ചത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി പെൺകുട്ടികൾ ഇയാളുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു.
റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പയ്യന്നൂർ പോലീസ് രേഖപ്പെടുത്തി. വീഡിയോ ദൃശ്യങ്ങൾ കണ്ട കുട്ടിയുടെ മാനസിക നില തെറ്റിയതായും പോലീസ് അറിയിച്ചു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
Story Highlights: A man has been arrested and charged under the POCSO Act for allegedly drugging and sexually assaulting a woman, and then blackmailing her with a nude video.