കർണാടകയിലെ ദവനഗരയിൽ നടന്ന ഒരു അസാധാരണ സംഭവത്തിൽ, പൊലീസ് നായ തുങ്ക 2 എട്ട് കിലോമീറ്റർ നിർത്താതെ ഓടി ഒരു യുവതിയുടെ ജീവൻ രക്ഷിക്കുകയും കൊലക്കേസ് പ്രതിയെ കണ്ടെത്തുകയും ചെയ്തു. ഛന്നഗിരി താലൂക്കിലെ സന്തെബെന്നൂരിൽ പെട്രോൾ പമ്പിന് സമീപം കണ്ടെത്തിയ മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ സംഭവം നടന്നത്.
ജില്ലാ പൊലീസ് മേധാവി ഉമ പ്രശാന്തിന്റെ നിർദേശപ്രകാരം, മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ജാക്കറ്റ് മണത്ത തുങ്ക 2, കോൺസ്റ്റബിൾ ഷാഫിയുടെ മേൽനോട്ടത്തിൽ എട്ട് കിലോമീറ്റർ ദൂരെയുള്ള ഛന്നപുരയിലെ ഒരു വീടിനു സമീപം എത്തി. അവിടെ നിന്ന് കേട്ട അലമുറയെ തുടർന്ന് പൊലീസ് സംഘം അകത്തേക്ക് കടന്നപ്പോൾ, ഒരു സ്ത്രീയെ അതിക്രൂരമായി മർദ്ദിക്കുന്നത് കണ്ടു.
രൂപ എന്ന സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും അക്രമിയായ രംഗസ്വാമിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണത്തിൽ, രംഗസ്വാമി തന്നെയാണ് നേരത്തെ കണ്ടെത്തിയ മൃതദേഹത്തിന്റെ കൊലപാതകത്തിനും പിന്നിലെന്ന് വ്യക്തമായി.
33 വയസ്സുകാരനായ സന്തോഷിനെ കൊലപ്പെടുത്തിയത് അയാളുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു. സന്തോഷിന്റെ മൃതദേഹത്തിനടുത്ത് കണ്ടെത്തിയ ജാക്കറ്റിന്റെ മണം പിന്തുടർന്നാണ് നായ പ്രതിയെ കണ്ടെത്തിയത്.
രംഗസ്വാമിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയുടെ ജീവൻ രക്ഷിച്ച തുങ്ക 2 വിനെ ജനങ്ങൾ അഭിനന്ദിച്ചു.