കാര്യവട്ടം ഗവണ്മെന്റ് കോളേജിലെ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസിനെതിരെ എസ്എഫ്ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികൾ റാഗിംഗ് നടത്തിയതായി ആരോപണം. കഴക്കൂട്ടം പോലീസിലും കോളേജ് പ്രിൻസിപ്പലിനും വിദ്യാർത്ഥി പരാതി നൽകിയിട്ടുണ്ട്. യൂണിറ്റ് റൂമിൽ കൊണ്ടുപോയി മുട്ടുകുത്തി നിർത്തി ബെൽറ്റ് ഉപയോഗിച്ച് ഉൾപ്പെടെ മർദ്ദിച്ചതായാണ് വിദ്യാർത്ഥിയുടെ പരാതി. ഏഴോ എട്ടോ പേർ ചേർന്ന് ഒരു മണിക്കൂറോളം മർദ്ദനം തുടർന്നതായും വിദ്യാർത്ഥി ആരോപിക്കുന്നു.
കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ കഴക്കൂട്ടം പോലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റാഗിംഗിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു. ഇനി കോളേജിൽ കയറിയാൽ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബസ് സ്റ്റോപ്പിൽ വെച്ച് വിളിച്ചുവരുത്തി മർദ്ദിക്കാൻ ശ്രമിച്ചതായും വിദ്യാർത്ഥി പറയുന്നു.
സീനിയർ വിദ്യാർത്ഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ തുടങ്ങി ഏഴ് പേരാണ് റാഗിംഗ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. മർദ്ദനത്തിന് ശേഷം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും വിദ്യാർത്ഥി വെളിപ്പെടുത്തി. തന്നെ മർദ്ദിച്ചത് എസ്എഫ്ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികളാണെന്ന് വിദ്യാർത്ഥി ട്വന്റിഫോറിനോട് പറഞ്ഞു.
യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ മർദ്ദിച്ചതെന്നും എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നതെന്ന് ചോദിച്ചാണ് മർദ്ദിച്ചതെന്നും വിദ്യാർത്ഥി പറഞ്ഞു. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടപ്പോൾ തന്നെ മാത്രം യൂണിറ്റ് റൂമിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥി ആരോപിച്ചു. കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: A student at Kariavattom Government College alleges ragging by SFI activists.