കണ്ണൂർ ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മൂന്ന് ദിവസം ക്രൂരമായി മർദ്ദിച്ചെന്ന ഞെട്ടിക്കുന്ന പരാതി ഉയർന്നു. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് ഉളിക്കൽ സ്വദേശിയായ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പോലീസിൽ പരാതി നൽകിയത്. കഴുത്തിൽ ബെൽറ്റ് കൊണ്ട് മുറുക്കിയും മറ്റും ക്രൂരമായി മർദ്ദിച്ചതായി യുവതി ആരോപിക്കുന്നു. കണ്ണിനും ചെവിക്കും മർദ്ദനമേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പന്ത്രണ്ട് വർഷം മുൻപ് വിവാഹിതരായ ഇരുവരും കുടുംബ പ്രശ്നങ്ങളെ തുടർന്ന് വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. അനുനയ ശ്രമങ്ങൾക്ക് ശേഷം യുവതി ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങി എത്തിയെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചില്ല. ഭർത്താവും ഭർതൃമാതാവ് അജിതയും ചേർന്ന് തന്നെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ ഉളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയത്തൂർ സ്വദേശി അഖിലാണ് യുവതിയുടെ ഭർത്താവ്.
Story Highlights: A woman from Thiruvananthapuram has filed a complaint against her husband and mother-in-law in Kannur, alleging brutal assault and confinement.