കണ്ണൂര് വളപട്ടണത്തെ വ്യാപാരിയുടെ വീട്ടില് നടന്ന വന്കവര്ച്ചയുടെ അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് കവര്ച്ച നടന്നത്. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് വീട്ടുടമ അഷറഫ് പൊലീസില് പരാതി നല്കിയിരിക്കുന്നത്. കുടുംബം വീട് പൂട്ടി വിവാഹത്തിന് പോയപ്പോഴായിരുന്നു കവര്ച്ച നടന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഡോഗ്സ് സ്ക്വോഡ് എത്തി സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. മോഷണം നടന്ന വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്വേ പാളത്തിലേക്ക് പോയെങ്കിലും മറ്റു തുമ്പുകളോ തെളിവുകളോ ഒന്നും ലഭിച്ചില്ല. മോഷണത്തിനു മുന്പോ ശേഷമോ പ്രതികള് റെയില്വേ സ്റ്റേഷനിലേക്ക് പോയതാകാം എന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്ജ്ജിതമാക്കിയിട്ടുണ്ട്.
കവര്ച്ചയില് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്സ് മുറിച്ചു മാറ്റിയാണ് മോഷ്ടാക്കള് അകത്ത് കടന്നത്. അലമാര കുത്തിത്തുറന്ന് ലോക്കറിന്റെ താക്കോല് കൈക്കലാക്കിയായിരുന്നു കവര്ച്ച. മൂന്ന് പേര് വീടിന്റെ വലതുഭാഗത്തെ മതില് ചാടിക്കടക്കുന്നതിന്റെ സിസിടി വി ദൃശ്യങ്ങള് പോലീസിന് ലഭിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Story Highlights: Police intensify investigation into major theft at trader’s house in Kannur Valapattanam, with special team formed and CCTV footage being analyzed