കണ്ണൂർ ലീഡേഴ്സ് കോളജിൽ ഒന്നര വർഷം മുൻപുണ്ടായ തർക്കത്തിന്റെ തുടർച്ചയായി സീനിയർ വിദ്യാർഥിക്ക് നേരെ വധശ്രമം. കോളജിലെ ജൂനിയർ വിദ്യാർത്ഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാരം സ്വദേശിയായ മുനീസ് മുസ്തഫയെ ആക്രമിച്ചത്. മുനീസിന്റെ ചുണ്ട് മൂർച്ചയേറിയ കത്തി കൊണ്ട് വെട്ടിമുറിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുനീസിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി.
മുനീസിന്റെ ജൂനിയറായിരുന്ന നിഷാദ് ഒന്നര വർഷം മുൻപ് ഉണ്ടായ തർക്കത്തിന്റെ പേരിൽ മുനീസിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും നേരിട്ട് ആക്രമണം ഉണ്ടായിരുന്നില്ല. “നമ്മുക്ക് ആ കണക്ക് തീർക്കണമെന്നും അത് തീർക്കാതെ സമാധാനമില്ലെന്നും” നിഷാദ് പറഞ്ഞിരുന്നതായി മുനീസിന്റെ സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകി.
കഴിഞ്ഞ ദിവസം ഫുട്ബോൾ മത്സരം കാണാൻ പോയപ്പോഴാണ് മുനീസ് നിഷാദിനെ കണ്ടുമുട്ടിയത്. “ഇന്ന് രാത്രി ഈ കണക്ക് തീർക്കണമെന്ന്” നിഷാദ് മുനീസിനോട് പറഞ്ഞു. “രണ്ട് വർഷമായാലും കണക്ക് തീർക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും” നിഷാദ് പറഞ്ഞിരുന്നു. ഈ സംഭവത്തിനു ശേഷം മുനീസും സുഹൃത്തുക്കളും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വീട്ടിലേക്ക് മടങ്ങുന്ന വഴി കാൽടെക്സ് ജംഗ്ഷനിൽ ചായ കുടിക്കാൻ കയറിയ മുനീസിനെയും സുഹൃത്തുക്കളെയും നിഷാദും സംഘവും പിന്തുടർന്ന് എത്തി ആക്രമിക്കുകയായിരുന്നു. മാസ്ക് ധരിച്ചെത്തിയ സംഘം ആദ്യം മുനീസിനെ മർദ്ദിച്ച ശേഷം മൂർച്ചയേറിയ കത്തി ഉപയോഗിച്ച് തലയ്ക്കും ചുണ്ടിലും വെട്ടുകയായിരുന്നു.
മുനീസിന്റെ സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും മുഴുവൻ പ്രതികളെയും പിടികൂടുമെന്നും കണ്ണൂർ ടൗൺ പൊലീസ് അറിയിച്ചു. മുനീസിന് പൂർണമായി സംസാരിക്കാൻ കഴിയുന്നില്ലെന്നും പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കിയെന്നും പോലീസ് പറഞ്ഞു.
Story Highlights: A senior student in Kannur was attacked by a group led by a junior student over a dispute that occurred a year and a half ago.