കണ്ണൂരിൽ സിബിഐയുടെയും ഇ.ഡിയുടെയും ഉദ്യോഗസ്ഥരായി ചമഞ്ഞ തട്ടിപ്പുസംഘം മൂന്ന് പേരിൽ നിന്നായി അഞ്ച് കോടിയിലേറെ രൂപ തട്ടിയെടുത്തു. തളിപ്പറമ്പിലെ ഡോക്ടർ ഉൾപ്പെടെ ഈ തട്ടിപ്പിന് ഇരകളായി. ആകെ 5.11 കോടി രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. ആന്തൂർ മൊറാഴ സ്വദേശി ഭാർഗവന് മാത്രം നഷ്ടമായത് 3.15 കോടി രൂപയാണ്. കണ്ണൂർ ടൗണിലെ 72 വയസുകാരിക്ക് ഒരു കോടി 68 ലക്ഷം രൂപയും നഷ്ടമായി.
തട്ടിപ്പിരയായവർ അഭ്യസ്തവിദ്യരായ വയോധികരാണ്. തങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസിയിൽ നിന്നുള്ളവരാണെന്നും വെർച്വൽ കസ്റ്റഡിയിലാണെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ലോബിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പ് നെറ്റ് വർക്കിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.
അക്കൗണ്ടിൽ വലിയ തുകയുള്ളവരും അന്യ ഭാഷകളിൽ സംസാരിക്കാൻ പ്രാവീണ്യമുള്ളവരുമായ ആളുകൾക്കായാണ് തട്ടിപ്പുസംഘം വലവിരിക്കുന്നത്. വാട്ട്സ്ആപ്പിലൂടെയോ ഫോൺകോളിലൂടെയോ ആണ് ഇവർ ബന്ധപ്പെടുക. നിങ്ങൾ കള്ളപ്പണം വെളുപ്പിച്ച വിവരം ലഭിച്ചെന്നോ നികുതി അടക്കാത്തത് അറിഞ്ഞെന്നോ മറ്റോ പറയുകയും നിങ്ങൾ വിർച്വൽ കസ്റ്റഡിയിലാണെന്ന് പറയുകയും ചെയ്യും. ഭീഷണിപ്പെടുത്തിയ ശേഷമാണ് തുക ഫൈനായി അടക്കണമെന്ന് ആവശ്യപ്പെടുത്തുക. സിബിഐ ചിഹ്നവും പേരും ഉൾപ്പെടെ വ്യാജമായി നിർമിച്ച ഒരു അക്കൗണ്ടിലേക്കാണ് പണം അയക്കാൻ പറയുക.
Story Highlights: Scammers posing as CBI officers defraud over 5 crore rupees from three individuals in Kannur