പഴയങ്ങാടിയിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് പനിയെത്തുടർന്ന് വെങ്ങര സ്വദേശി സമീറിന്റെ കുഞ്ഞിനെ പഴയങ്ങാടിയിലെ ക്ലിനിക്കിൽ കൊണ്ടുപോയത്. സിറപ്പ് ഇല്ലാത്തതിനാൽ ഡ്രോപ്പ്സ് ആണ് നൽകിയതെന്ന് മെഡിക്കൽ ഷോപ്പ് ഉടമ ഇ.കെ. നാസർ പറഞ്ഞു. മരുന്ന് കഴിക്കേണ്ട അളവ് എഴുതിക്കൊടുത്തില്ലെന്നും ആരോപണമുണ്ട്.
മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയതായി മനസ്സിലായത് കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതിന് ശേഷമാണ്. ഡോക്ടർ നിർദേശിച്ച അളവിൽ മരുന്ന് നൽകിയെങ്കിലും സിറപ്പിന് പകരം ഡ്രോപ്പ്സ് നൽകിയത് കുഞ്ഞിന്റെ കരളിനെ ഗുരുതരമായി ബാധിച്ചു. തുടർന്ന് കുഞ്ഞിനെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുഞ്ഞിന് ഭക്ഷണം കഴിക്കുന്നതിന് തടസ്സമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മെഡിക്കൽ ഷോപ്പിനെതിരെ ജനരോഷം ശക്തമായി തുടരുകയാണ്. ഇന്നലെ യുവജന സംഘടനകൾ ഖദീജ മെഡിക്കൽസിലേക്ക് മാർച്ച് നടത്തി. മരുന്ന് മാറി നൽകിയ ജീവനക്കാരെയും ഷോപ്പ് ഉടമയെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുഞ്ഞിന്റെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മെഡിക്കൽ ഷോപ്പ് ഉടമയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. താൻ തന്നെയാണ് മരുന്ന് എടുത്ത് നൽകിയതെന്ന് ഉടമ ഇ.കെ. നാസർ വ്യക്തമാക്കിയിട്ടുണ്ട്.
ഡോക്ടർ പനിക്കുള്ള കാല്പോൾ സിറപ്പ് കുറിച്ചു നൽകിയിരുന്നു. മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി ഡോക്ടർ നിർദേശിച്ച അളവിൽ കുഞ്ഞിന് നൽകുകയും ചെയ്തു. എന്നാൽ സിറപ്പിന് പകരം ഡ്രോപ്പ്സ് നൽകിയതാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളാകാൻ കാരണമെന്ന് വ്യക്തമായിട്ടുണ്ട്.
Story Highlights: An eight-month-old baby’s health improves after being given the wrong medicine in Pazhayangad, Kannur.