കണ്ണൂർ: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പി. പി. ദിവ്യ മാത്രമാണ് പ്രതിയെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
പെട്രോൾ പമ്പിന് അനുമതി നൽകാൻ കെ. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പി. പി. ദിവ്യയുടെ ആരോപണം. എന്നാൽ, കൈക്കൂലി വാങ്ങിയിട്ടില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. യാത്രയയപ്പ് യോഗത്തിൽ പി. പി. ദിവ്യ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതും പി. പി. ദിവ്യ തന്നെയെന്ന് കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. ഫയൽ നീക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ അസ്വാഭാവികതയോ അനധികൃത ഇടപെടലോ ഉണ്ടായിട്ടില്ലെന്നും കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ശാസ്ത്രീയ തെളിവുകളായി സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. എഡിഎമ്മിനെ അപമാനിക്കാൻ പി. പി. ദിവ്യ ആസൂത്രിത നീക്കം നടത്തിയെന്നും കണ്ടെത്തലുണ്ട്. 97 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കലക്ടറുടെ ഓഫീസിൽ നാല് തവണ വിളിച്ച് യാത്രയയപ്പ് ചടങ്ങിന്റെ സമയം ഉറപ്പിച്ചിരുന്നുവെന്നും ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്.
Story Highlights: Chargesheet filed against P. P. Divya in the death of former Kannur ADM K. Naveen Babu.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ