കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽ മരിച്ച രണ്ട് പേരുടെ കുടുംബങ്ങൾക്ക് സാംസ്കാരിക ക്ഷേമനിധി ബോർഡ് അടിയന്തിര ധനസഹായം നൽകും. കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്ക് 25,000 രൂപ വീതമാണ് നൽകുക. പരുക്കേറ്റവരുടെ ചികിത്സാചെലവുകൾ സാംസ്കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
രണ്ട് അഭിനേത്രികളുടെ മരണം ഏറെ വേദനാജനകമാണെന്ന് മന്ത്രി അനുശോചിച്ചു. മൃതദേഹങ്ങൾ കൊണ്ടുപോകാനും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്നവർക്കുമായി ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരള സംഗീത നാടക അക്കാദമിയോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സഹായങ്ങൾ നൽകുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് നാടക സംഘത്തിലെ 14 പേരാണ് അപകട സമയത്ത് മിനി ബസിൽ ഉണ്ടായിരുന്നത്. വനിതാ മെസ്സ് എന്ന നാടകം അവതരിപ്പിച്ച് രാത്രിയിൽ കണ്ണൂർ കടന്നപ്പള്ളിയിൽ നിന്ന് വയനാട് ബത്തേരിയിലേക്ക് പോകും വഴിയായിരുന്നു അപകടം. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം ഗതാഗതം നിരോധിച്ച നെടുംപൊയിൽ ചുരം പാതയിലേക്ക് പ്രവേശിച്ചു. സമീപത്തെ വീട്ടിൽ നിന്ന് നിർദേശം ലഭിച്ച ഇടുങ്ങിയ പാതയിലൂടെ യാത്ര തുടർന്നപ്പോൾ മലയാംപടി റോഡിലെ കുത്തനെയുള്ള ഇറക്കത്തിലും കൊടും വളവിലും വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചു. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്, ഒരാളുടെ നില ഗുരുതരമാണ്.
Story Highlights: Cultural Welfare Board to provide emergency financial assistance to families of deceased actresses in Kannur accident