ദുബായിൽ നിന്ന് സ്വർണ്ണം കടത്തുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് ഞായറാഴ്ച വൈകുന്നേരം ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയ നടി രന്യ റാവുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പരപ്പന അഗ്രഹാര ജയിലിലാണ് രന്യ റാവു ഇപ്പോൾ കഴിയുന്നത്. തന്നെ ബ്ലാക്ക് മെയിൽ ചെയ്താണ് കുറ്റകൃത്യത്തിലേക്ക് തള്ളിവിട്ടതെന്ന് ഡിആർഐക്ക് നൽകിയ മൊഴിയിൽ നടി വെളിപ്പെടുത്തി.
സ്വർണ്ണം കടത്തുന്ന ഓരോ യാത്രയിലും 12 ലക്ഷം രൂപ വരെ പ്രതിഫലം നടിക്ക് ലഭിച്ചിരുന്നതായി ഡിആർഐ അറിയിച്ചു. ഒരു കിലോഗ്രാമിന് ഒരു ലക്ഷം രൂപ എന്ന കണക്കിലായിരുന്നു പ്രതിഫലം. കർണാടകയിലെ ഉന്നത ഐപിഎസ് ഓഫീസറുടെ മകളായതിനാൽ പോലീസ് എസ്കോർട്ടോടെയാണ് രന്യ റാവു വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയിരുന്നത്. അറസ്റ്റ് ചെയ്യുമ്പോൾ ഒരു പോലീസ് കോൺസ്റ്റബിളും നടിക്കൊപ്പമുണ്ടായിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥനെയും ഡിആർഐ ചോദ്യം ചെയ്തുവരികയാണ്.
നടിയുടെ വീട്ടിൽ നിന്ന് 17 കോടിയുടെ സ്വർണ്ണവും പണവും ഡിആർഐ പിടിച്ചെടുത്തു. നടിക്കോ ഭർത്താവിനോ വിദേശത്ത് അടുത്ത ബന്ധുക്കൾ ഇല്ലാതിരുന്നിട്ടും ഇവരുടെ അടിക്കടിയുള്ള ഗൾഫ് യാത്രകളാണ് ഉദ്യോഗസ്ഥർക്ക് സംശയമുണ്ടാക്കിയത്. തുടർന്ന് നടിയെ നിരീക്ഷിക്കാൻ തുടങ്ങി. എന്നാൽ മകളുമായി കുറെ നാളായി ബന്ധമൊന്നുമില്ലെന്ന് ഡിജിപി രാമചന്ദ്ര റാവു പ്രതികരിച്ചു.
14.2 കിലോ സ്വർണ്ണമാണ് രന്യ റാവുവിൽ നിന്നും കണ്ടെടുത്തത്. ശരീരത്തിൽ അണിഞ്ഞും വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. വിപണിയിൽ 12.56 കോടി രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. കഴിഞ്ഞ വർഷം 30 തവണയാണ് രന്യ റാവു വിദേശയാത്ര നടത്തിയത്. ഈ യാത്രകളിൽ ഓരോ തവണയും സ്വർണ്ണം കടത്തിയിരുന്നു.
Story Highlights: Kannada actress Ranya Rao arrested for gold smuggling, claims she was blackmailed.