കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ ജോർജ് കുര്യന് കോട്ടയം അഡീഷണൽ സെക്ഷൻസ് കോടതി കഠിന ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തം തടവും 20 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിവിധ വകുപ്പുകളിൽ 8 വർഷവും മൂന്നു മാസവും ശിക്ഷ ആദ്യം അനുഭവിക്കണമെന്നും, തുടർന്ന് ഇരട്ട ജീവപര്യന്തം അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു.
കാഞ്ഞിരപ്പള്ളി കരിമ്പനാൽ പടിയിൽ കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ – 54) ആണ് പ്രതി. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ രഞ്ജി കുര്യൻ, മാതൃസഹോദരൻ മാത്യു സ്കറിയ എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
പ്രതി ജോർജ് കുര്യൻ താൻ നിരപരാധിയാണെന്നും, പ്രായമായ അമ്മയെയും ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും, ഇത് അപൂർവമായ കേസായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതി ദയ അർഹിക്കുന്നില്ലെന്ന് സമർത്ഥിക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയൻ അര മണിക്കൂറോളം നീണ്ട വാദം നടത്തി.
സമൂഹത്തിൽ ഉന്നത സാമ്പത്തിക നിലയിലുള്ള പ്രതിയിൽ നിന്നും വലിയ നഷ്ടപരിഹാരം ഈടാക്കി വാദിഭാഗത്തിന് നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത്തരം സമാന സംഭവങ്ങളിലെ മുൻ വിധിന്യായങ്ങളും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ തങ്ങളുടെ വാദം ശക്തമാക്കി. ഈ വാദങ്ങളെല്ലാം പരിഗണിച്ച് കോടതി കഠിന ശിക്ഷ വിധിക്കുകയായിരുന്നു.
Story Highlights: Kanjirappally double murder case: George Kurian sentenced to double life imprisonment and Rs 20 lakh fine