കലൂർ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാദം’ നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. ഈ അന്വേഷണത്തിന്റെ ഭാഗമായി നടി ദിവ്യ ഉണ്ണിയേയും നടൻ സിജു വർഗീസിനെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മൃദംഗ വിഷനുമായി ഇരുവർക്കുമുള്ള ബന്ധം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും, പങ്കാളിത്തം ഉറപ്പായാൽ ഉടൻ നോട്ടീസ് നൽകുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
ഒറ്റ മുറിയിൽ പ്രവർത്തിച്ച മൃദംഗ വിഷന് ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കാൻ എങ്ങനെ സാധിച്ചു എന്നതും, കുട്ടികളിൽ നിന്ന് ആയിരക്കണക്കിന് രൂപ രജിസ്ട്രേഷൻ ഫീസായി വാങ്ങിയതിന്റെ മാനദണ്ഡങ്ങളും അന്വേഷണ സംഘം പരിശോധിക്കും. അതേസമയം, പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർക്കണമെന്നാണ് ആവശ്യം.
കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായതായി സംയുക്ത പരിശോധന റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്റ്റേജ് നിർമാണം അപകടകരമായിരുന്നുവെന്നും, വിഐപി സ്റ്റേജിനടുത്ത് ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം വൈകിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെങ്കിലും ആശാവഹമായ പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. വാരിയെല്ലുകളുടെ ഒടിവുകളും ശ്വാസകോശത്തിനുണ്ടായ ക്ഷതവും ചതവും ചികിത്സയിലൂടെ മാത്രമേ ഭേദപ്പെടുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.
Story Highlights: Kaloor stadium accident investigation intensifies; Divya Unni and Sijo Varghese to be questioned