കാക്കനാട് തെങ്ങോട് ഗവൺമെൻറ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ദേഹത്ത് സഹപാഠികൾ നായ്ക്കുരണപ്പൊടി വിതറി എന്ന പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. രണ്ട് സഹപാഠികൾക്കും സ്കൂളിലെ അധ്യാപകർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ പെൺകുട്ടിക്ക് മാനസിക പിന്തുണ നൽകുന്നതിൽ വീഴ്ച വരുത്തി എന്നതാണ് അധ്യാപകർക്കെതിരെയുള്ള ആരോപണം. നായ്ക്കുരണപ്പൊടി വിതറിയതിനെ തുടർന്ന് ദിവസങ്ങളോളം പെൺകുട്ടി ചികിത്സയിൽ കഴിയേണ്ടി വന്നു. അണുബാധയെ തുടർന്ന് നടക്കാൻ പോലും ബുദ്ധിമുട്ടിലായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. സംഭവത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പരീക്ഷയും അനിശ്ചിതത്വത്തിലായി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇൻഫോപാർക്ക് പോലീസ് പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി. കുറ്റാരോപിതരായ സഹപാഠികളും പെൺകുട്ടിയും നാളെ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടവരാണ്. അതിനാൽ കുട്ടികളെ ബാധിക്കാത്ത രീതിയിൽ കരുതലോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
വിദ്യാഭ്യാസ വകുപ്പ് അധികൃതരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Story Highlights: A student in Kakkanad had dog itching powder spread on her by classmates, leading to police involvement and an investigation by education authorities.