കാക്കനാട് ജിഎസ്ടി കമ്മീഷണറേറ്റ് അഡീഷണൽ ഡയറക്ടർ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗർവാൾ എന്നിവരുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സഹോദരിയുടെ ജോലി നഷ്ടമായതിന്റെ മനോവിഷമമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടുക്കളയിൽ നിന്ന് കത്തിച്ച രേഖകളുടെ അവശിഷ്ടങ്ങളും, സഹോദരിയുടെ ജോലിയുമായി ബന്ധപ്പെട്ടതാകാവുന്ന ഡയറിക്കുറിപ്പുകളും പോലീസ് കണ്ടെടുത്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ അമ്മയുടെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. മനീഷിന്റെ അമ്മയാണ് ആദ്യം മരിച്ചതെന്നാണ് പോലീസിന്റെ സംശയം. തുടർന്ന് മനീഷും സഹോദരിയും ആത്മഹത്യ ചെയ്തതാകാമെന്നും പോലീസ് കരുതുന്നു.
കളമശേരി മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്മോർട്ടം നടക്കും. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ജാർഖണ്ഡിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ഝാർഖണ്ഡ് സ്റ്റേറ്റ് സർവീസിൽ ജോലി ലഭിച്ച സഹോദരിക്ക് ജോലി നഷ്ടമായതിന്റെ മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
മനീഷിന്റെ മറ്റൊരു സഹോദരി വിദേശത്താണ്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മനീഷും ശാലിനിയും തൂങ്ങിമരിച്ച നിലയിലും അമ്മ ശകുന്തള കട്ടിലിൽ മരിച്ച നിലയിലുമാണ് കാണപ്പെട്ടത്.
മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുള്ള സഹോദരിയെ മരണവിവരം അറിയിക്കണമെന്ന് മാത്രമാണ് കുറിപ്പിലുള്ളത്. അമ്മയുടെ മൃതദേഹത്തിനടുത്ത് കുടുംബ ഫോട്ടോയും പൂക്കളും വച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്നലെ രാത്രി ആറരയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ആത്മഹത്യയാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. എങ്കിലും അമ്മയുടെ മരണകാരണം വ്യക്തമല്ല.
Story Highlights: The post-mortem report of the Kakkanad GST commissioner and his family is expected today, shedding light on the circumstances surrounding their deaths.