കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റ് സമുച്ചയത്തിൽ വീണ്ടും കൂട്ടരോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 27 പേർക്ക് വയറിളക്കവും ഛർദ്ദിയും ഉണ്ടായതായി കണ്ടെത്തി. രണ്ട് പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ഫ്ലാറ്റിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഫ്ലാറ്റുകാർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
മൂന്ന് ദിവസമായി ഫ്ളാറ്റിലെ വിവിധ ആളുകൾക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെടുന്നുണ്ട്. രഹസ്യ വിവരത്തെ തുടർന്നാണ് നഗരസഭയുടെ ആരോഗ്യ വിഭാഗവും ആശ പ്രവർത്തകരും ഫ്ളാറ്റിലേക്ക് എത്തിയത്. പത്ത് പേർ നടത്തിയ സർവേയിലാണ് 27 പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയത്. കൂടുതൽ സർവേ നടത്തണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ട് ബന്ധപ്പെട്ട ഏജൻസിയെ അറിയിക്കാതെ മറച്ചുവെച്ചുവെന്ന് ആരോഗ്യവകുപ്പ് ആരോപിച്ചു.
നിലവിൽ ആരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഫ്ലാറ്റിൽ തുടർ ചികിത്സയിൽ നിരവധി പേർ കഴിയുന്നുണ്ട്. ആറു മാസം മുൻപും ഫ്ലാറ്റിൽ കൂട്ട രോഗബാധയുണ്ടായിരുന്നു. അന്ന് കൊച്ച കുട്ടികൾ ഉൾപ്പെടെ 200ലധികം ആളുകൾ ചികിത്സ തേടിയിരുന്നു. കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ സ്ഥിരീകരിച്ചിരുന്നു. ജൂൺ ആദ്യമാണ് രോഗം റിപ്പോർട്ട് ചെയ്തത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ അനുവദനീയമായതിനെക്കാൾ കൂടുതൽ അളവിൽ ബാക്ടീരിയ സാന്നിധ്യം വെള്ളത്തിൽ കണ്ടെത്തുകയായിരുന്നു.
Story Highlights: Mass outbreak of diarrhea and vomiting reported in DLF flat complex in Kakkanad, Ernakulam