**കണ്ണൂർ◾:** കൈതപ്രത്ത് വെടിയേറ്റു മരിച്ച കെ.കെ. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ കൊലപാതകത്തിൽ മിനി നമ്പ്യാർ ഗൂഢാലോചന നടത്തിയെന്ന പോലീസിന്റെ കണ്ടെത്തലിനെത്തുടർന്നാണ് അറസ്റ്റ്. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതിയായ സന്തോഷുമായി മിനി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. കൊലപാതകക്കേസിലെ ഒന്നാം പ്രതിയായ എൻ.കെ. സന്തോഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മിനി നമ്പ്യാർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി. മാർച്ച് 20നാണ് കൈതപ്രം പൊതുജന വായനശാലയ്ക്ക് പിന്നിലുള്ള നിർമ്മാണത്തിലിരുന്ന വീട്ടിൽ വെച്ച് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. ലൈസൻസില്ലാത്ത തോക്കുപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി.
രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദമുണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ രാധാകൃഷ്ണൻ ഭാര്യയെ ശകാരിച്ചിരുന്നെന്നും ഒന്നാം പ്രതിയായ സന്തോഷ് പോലീസിന് മൊഴി നൽകി. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സന്തോഷ് പറഞ്ഞു. കൊലപാതകത്തിന് ശേഷം തോക്ക് മിനിയുടെയും അമ്മയുടെയും വാടകവീട്ടിൽ ഒളിപ്പിച്ചിരുന്നതായും സന്തോഷ് മൊഴി നൽകി.
Story Highlights: Mini Nambiar, wife of Kaithapram Radhakrishnan, arrested in connection with his murder.