കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ നിർണായകമായ തെളിവായ തോക്ക് കണ്ടെടുത്തു. രാധാകൃഷ്ണന്റെ ഭാര്യയും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തുള്ള വിറകുപുരയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥരും രാവിലെ മുതൽ തന്നെ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രദേശത്ത് തിരച്ചിൽ നടത്തിവരികയായിരുന്നു. കൊലപാതകത്തിന് ശേഷം തോക്ക് ഒളിപ്പിച്ചുവെച്ച സ്ഥലം പ്രതിയായ സന്തോഷ് തന്നെയാണ് അന്വേഷണ സംഘത്തെ കാണിച്ചുകൊടുത്തത്.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും പ്രതി സന്തോഷും തമ്മിൽ സൗഹൃദബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെ രാധാകൃഷ്ണൻ എതിർത്തതാണ് സന്തോഷിനെ പ്രകോപിപ്പിച്ചതെന്നും പോലീസ് പറയുന്നു. കൊലപാതകത്തിന് മുമ്പ് സന്തോഷ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് സൂചിപ്പിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് രാധാകൃഷ്ണനെ വെടിവെച്ചുകൊന്നത്. നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് തോക്കുമായെത്തിയ സന്തോഷ് രാധാകൃഷ്ണന്റെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ ആദ്യ വെടിയേറ്റയുടൻ തന്നെ രാധാകൃഷ്ണൻ മരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയുമായി പോലീസ് കൊലപാതകം നടന്ന രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ എത്തി പരിശോധന നടത്തി.
പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കൈതപ്രം തൃക്കുറ്റ്യേരി ശ്മശാനത്തിൽ സംസ്കരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Story Highlights: Gun used in Kaithapram murder recovered from accused’s residence.