വടകര കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ആരോപണ വിധേയനായ അധ്യാപകൻ റിബേഷ് രാമകൃഷ്ണനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദുൽഖിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അധ്യാപകനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.
ആറങ്ങോട് എംഎൽപി സ്കൂളിലെ അധ്യാപകനായ റിബേഷാണ് ആരോപണ വിധേയനായിരിക്കുന്നത്. കാഫിർ പരാമർശമടങ്ങിയ സ്ക്രീൻ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണെന്നാണ് ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ സ്ക്രീൻഷോട്ട് പുറത്തുവന്നത്. റെഡ് എൻകൗണ്ടർ, റെഡ് ബറ്റാലിയൻ, പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഇടതുപക്ഷ അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് ഇത് ആദ്യം പ്രചരിച്ചത്.
അതേസമയം, കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ആരോപണ വിധേയനായ എംഎസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ ഫോൺ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് നടപടി. ഏറ്റവും ആദ്യം പോസ്റ്റ് ചെയ്തത് റെഡ് എൻകൗണ്ടർ ആണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
Story Highlights: Departmental inquiry against teacher Ribesh Ramakrishnan in Vadakara Kafir screenshot controversy