കുപ്രസിദ്ധ ഗുണ്ടാനേതാവ് കടുവ ഷഫീഖ് എന്ന ഷഫീഖിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടിയിൽ 2020-ൽ 138 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പത്ത് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഷഫീഖിന് പത്തു ദിവസത്തെ പരോൾ ലഭിച്ചിരുന്നു. പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തിരിച്ചെത്താതിരുന്ന പ്രതി രണ്ടു വർഷമായി ഒളിവിലായിരുന്നു.
ആലുവ തായിക്കാട്ടുകര സ്വദേശിയായ ഷഫീഖ് ചവറുപാടം ഭാഗത്ത് ഒരു കാറിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ആലുവ എസ്.ഐ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടാൻ ശ്രമം ആരംഭിച്ചു. പോലീസിനെ കണ്ടതോടെ കാർ അപകടകരമായി പിന്നോട്ടെടുത്ത് ഓടിച്ച ഷഫീഖ് പിന്നീട് കാറിൽ നിന്നിറങ്ങി ഇരുട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് സംഘം ഷഫീഖിനെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
2013 മുതൽ ആലുവ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് കടുവ ഷഫീഖ്. ഡിവൈഎസ്പി ടി.ആർ രാജേഷ്, എസ്.ഐ കെ. നന്ദകുമാർ, സീനിയർ സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, പി.എ നൗഫൽ, സി.ടി മേരിദാസ്, വി.എ അഫ്സൽ എന്നിവരടങ്ങുന്ന സംഘമാണ് ഷഫീഖിനെ പിടികൂടിയത്. അറസ്റ്റിലായ ഷഫീഖിനെ ചാലക്കുടി പോലീസിന് കൈമാറി.
Story Highlights: Notorious gangster Kaduva Shafeeq, who was on parole after being sentenced to 10 years for possessing 138 kg of cannabis, was arrested by Aluva police after a two-year chase.