സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും പിബിയിലേക്കും തന്നെ ഉൾപ്പെടുത്താത്തതിൽ മാധ്യമങ്ങൾക്കാണ് വിഷമമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങൾക്കെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രം പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. സമ്മേളനകാലത്തെ മൂന്ന് ചിത്രങ്ങൾ പ്രൊഫൈലിൽ ഉണ്ടായിരുന്നെന്നും തനിക്ക് വേണ്ടി പി.എ ആണ് ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനം രാഷ്ട്രീയ വ്യക്തതയോടെയും യോജിപ്പോടെയും ചർച്ചകളാലും സമ്പന്നമായിരുന്നുവെന്ന് കടകംപള്ളി പറഞ്ഞു. 13 സംസ്ഥാന സമ്മേളനങ്ങളിൽ വെച്ച് ഏറ്റവും മികച്ചത് കൊല്ലത്തേതായിരുന്നു. എന്നാൽ, പാർട്ടിയുടെ കരുത്ത് മനസ്സിലാക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 48 വർഷക്കാലം രാഷ്ട്രീയപരമായി തന്നെ വളർത്തിയത് പാർട്ടിയാണെന്നും കടകംപള്ളി പറഞ്ഞു.
പാർട്ടി ഏൽപ്പിക്കുന്ന ഏത് കാര്യവും സത്യസന്ധതയോടെ നിർവഹിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. എംഎൽഎയോ മന്ത്രിയോ ആകണമെന്ന് പറഞ്ഞ് സ്ഥാനമാനങ്ങൾക്ക് വേണ്ടി കലഹിക്കുന്ന ആളല്ല താൻ. ഏത് സ്ഥാനത്ത് പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സിപിഐഎമ്മിനെ ആക്രമിക്കാൻ തന്നെ കരുവാക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു.
പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പാർട്ടിക്കകത്ത് സ്ഥാനക്കയറ്റം നൽകണമെന്ന് ആരും പറയേണ്ടതില്ലെന്ന് കടകംപള്ളി പറഞ്ഞു. ഏതെങ്കിലും സ്ഥാനമാനങ്ങൾക്ക് വേണ്ടി കലഹിക്കുകയോ പിണങ്ങി പോകുകയോ ചെയ്യുന്ന വ്യക്തിയല്ല താൻ. കിട്ടിയതെല്ലാം വളരെ വലുതായിട്ടാണ് കാണാറുള്ളത്. സ്ഥാനമാനങ്ങൾ നേടുകയാണ് രാഷ്ട്രീയക്കാരന്റെ മൗലിക ഉത്തരവാദിത്വമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
75 വയസ് എന്ന പ്രായപരിധി പാർട്ടി നിശ്ചയിച്ചതുകൊണ്ടാണ് 17 പുതിയ ആളുകളെ ഉൾപ്പെടുത്താനായത്. നാളെ കേന്ദ്ര കമ്മിറ്റിയിലാണെങ്കിലും പുതിയ ആളുകൾ വരും. പഴമയും പുതുമയും കൂടി കലർന്നാലേ പാർട്ടി കൂടുതൽ ശക്തിപ്പെട്ട് മുന്നോട്ട് പോകൂ. തന്നെക്കാൾ പ്രായം കുറഞ്ഞവർപോലും ഉയർന്ന കമ്മിറ്റികളിൽ വന്നിട്ടുണ്ട്. അതെല്ലാം സ്വാഭാവികമാണെന്നും കടകംപള്ളി പറഞ്ഞു.
പത്മകുമാറിന്റെ പരാമർശം തെറ്റാണെന്ന് ഏത് കമ്മ്യൂണിസ്റ്റ്കാരനാണ് സംശയമുള്ളതെന്ന് കടകംപള്ളി ചോദിച്ചു. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലേക്ക് വന്നത് മന്ത്രി എന്ന നിലയിലാണെന്നും അത് പാർട്ടി സംസ്ഥാന സമ്മേളനത്തിൽ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സി. രവീന്ദ്രനാഥിനെയും ഇത്തരത്തിൽ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെയടക്കം വിവിധ വകുപ്പുകളിലെ ചർച്ചകൾ നടക്കുന്നത് സംസ്ഥാന കമ്മിറ്റിയിലാണ്. ആ ചർച്ചകൾ കേൾക്കാൻ ബന്ധപ്പെട്ട മന്ത്രിയുണ്ടെങ്കിൽ അത് ഗുണകരമാണ്. കഴിഞ്ഞ തവണ അതില്ലാത്തത് ഒരു കുറവായി കണ്ടിരുന്നു. ശരിയായ തീരുമാനങ്ങൾ മാത്രമാണ് പാർട്ടി കൈക്കൊള്ളുകയെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
Story Highlights: Kadakampally Surendran reacts to media’s concern over his exclusion from the CPM state secretariat and politburo.