പിപി ദിവ്യയെ സംരക്ഷിക്കുന്നത് ആരാണെന്ന് തുറന്നു പറയാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പൊലീസും പാർട്ടിയും സംരക്ഷിക്കുന്നില്ലെങ്കിൽ പിന്നെയാരാണ് ദിവ്യയെ സംരക്ഷിക്കുന്നതെന്നും എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരാണ് ഒളിവിൽ പോകാൻ സഹായിച്ചതെന്നും സുരേന്ദ്രൻ ചോദിച്ചു. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫിന്റെ വോട്ടുകളാണ് കഴിഞ്ഞ തവണ ഷാഫി പറമ്പിലിന് പോയതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഏത് ഡീലിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കമെന്ന് എം വി ഗോവിന്ദനും മുഖ്യമന്ത്രിയും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെയൊരു ഡീൽ ഉണ്ടോ എന്ന് വി ഡി സതീശനും വ്യക്തമാക്കണമെന്നും തുറന്നു സമ്മതിക്കാൻ എന്താണ് മടിയെന്നും സുരേന്ദ്രൻ ചോദിച്ചു.
പി വി അൻവറുമായി യുഡിഎഫ് എന്ത് ഡീലാണ് ഉണ്ടാക്കിയതെന്നും എന്ത് പ്രത്യുപകാരമാണ് ചെയ്തു കൊടുക്കുന്നതെന്നും അൻവറിനെ മുന്നണിയിൽ എടുത്തോ എന്നും യുഡിഎഫ് പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. യുഡിഎഫിനും എൽഡിഎഫിനും ഇടയിൽ നടക്കുന്ന ഡീൽ അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും തെരഞ്ഞെടുപ്പിൽ ജയിക്കാൻ ആശയങ്ങൾ മറന്ന് യോജിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനുള്ള തിരിച്ചടി തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സങ്കുചിത താൽപര്യങ്ങൾക്ക് പാലക്കാട്ടെയും ചേലക്കരയിലെയും ജനങ്ങൾ മറുപടി പറയുമെന്നും സുരേന്ദ്രൻ പ്രസ്താവിച്ചു.
Story Highlights: BJP state president K Surendran demands CM to reveal who is protecting PP Divya and questions UDF-LDF deals